Saturday, April 07, 2012

'ഇന്ത്യന്‍ കമ്യൂണിസം' എങ്ങനെ? സി.പി.എം. വിയര്‍ക്കുന്നു


'ഇന്ത്യന്‍ കമ്യൂണിസം' എങ്ങനെ? സി.പി.എം. വിയര്‍ക്കുന്നു

കോഴിക്കോട്‌: സോഷ്യലിസ്‌റ്റ് ചൈനയുടെ സാമ്രാജ്യത്വ മനോഭാവം തള്ളാനും കൊള്ളാനുമാകാതെ സി.പി.എം. വിയര്‍ക്കുന്നു. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്‌തിയെന്നു കണക്കാക്കുന്ന ചൈനയില്‍ സോഷ്യലിസമില്ലെന്നും ചൈനീസ്‌ അടിമത്തത്തില്‍നിന്നു പാര്‍ട്ടി പുറത്തുവരണമെന്നും 20-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധികള്‍ തുറന്നടിച്ചു. ചരിത്രത്തില്‍ പലയിടത്തും സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ 'ചൈനീസ്‌ പ്രേമം'കൊണ്ട്‌ പാര്‍ട്ടി ഇന്ത്യന്‍ അവസ്‌ഥയില്‍നിന്നു കൂടുതല്‍ അകന്നെന്നും പ്രതിനിധികള്‍ ആരോപിച്ചു. ലോകരാജ്യങ്ങളിലെ സോഷ്യലിസത്തിന്റെ നല്ല വശങ്ങള്‍ കൂട്ടിച്ചേര്‍ത്താലും ജാതി, ലിംഗം, വര്‍ഗം തുടങ്ങിയ ഇന്ത്യന്‍ സാമൂഹികാവസ്‌ഥകള്‍ക്കു പരിഹാരം കണ്ടെത്താന്‍ പാര്‍ട്ടിക്കു കഴിഞ്ഞിട്ടില്ലെന്നായിരുന്നു വിമര്‍ശനം. പി.ബി. അംഗം സീതാറാം യെച്ചൂരി അവതരിപ്പിച്ച പ്രത്യയശാസ്‌ത്ര രേഖയിന്മേല്‍ ഇന്നലെ ചര്‍ച്ചകള്‍ പൂര്‍ത്തിയായെങ്കിലും ഏതു ലൈന്‍ സ്വീകരിക്കണമെന്നതു സംബന്ധിച്ച്‌ ഇനിയും തീരുമാനമായിട്ടില്ല. ചര്‍ച്ചയ്‌ക്ക് ഇന്ന്‌ യെച്ചൂരി മറുപടി പറയും.

ദശകങ്ങള്‍ക്കുശേഷം പാര്‍ട്ടി പ്രത്യയശാസ്‌ത്രം പൊളിച്ചെഴുതി സി.പി.എമ്മിനെ ഇന്ത്യനാക്കുന്നതു സംബന്ധിച്ച്‌ കഴിഞ്ഞ ഒരുവര്‍ഷമായി പാര്‍ട്ടി ചര്‍ച്ച നടത്തുന്നുണ്ട്‌. ചൈനീസ്‌, ലാറ്റിനമേരിക്കന്‍ മാതൃകകളില്‍നിന്ന്‌, നല്ലതു സ്വീകരിച്ച്‌ പാര്‍ട്ടിക്ക്‌ ഇന്ത്യന്‍മുഖം നല്‍കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ നിരവധി ചര്‍ച്ചകള്‍ക്കും കരടുപ്രമേയങ്ങള്‍ക്കും ശേഷവും പാര്‍ട്ടിയെ എങ്ങനെ ഇന്ത്യനാക്കാം എന്നതു സംബന്ധിച്ച്‌ സി.പി.എം. ഇപ്പോഴൂം ഇരുട്ടില്‍ തപ്പുകയാണെന്നാണ്‌ പ്രതിനിധികളുടെ വിമര്‍ശനങ്ങളില്‍നിന്നു മനസിലാകുന്നത്‌. ചൈനീസ്‌ ലൈനെ പ്രതിനിധികള്‍ എതിര്‍ത്തുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും സി.പി.എം. ഏതെങ്കിലൂം വിദേശമാതൃക സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ ഇത്തരത്തിലല്ല സമ്മേളനവേദിയില്‍ നടക്കുന്ന ചര്‍ച്ചയെന്നാണു വിവരം. ചൈനീസ്‌ സോഷ്യലിസത്തിന്റെ നല്ലവശങ്ങളെ കൂട്ടുപിടിച്ചും മുതലാളിത്തത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സാമ്രാജ്യത്വത്തിനെതിരായ ബദലുകള്‍ കൊണ്ടുവരുന്നതിനെ മാതൃകയാക്കിയും പാര്‍ട്ടിയെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക്‌ അനുസൃതമായി പൊളിച്ചെഴുതാനുള്ള പ്രത്യയശാസ്‌ത്രരേഖയാണ്‌ യെച്ചൂരി ഇന്നലെ ചര്‍ച്ചയ്‌ക്കു സമര്‍പ്പിച്ചത്‌. ഇന്ത്യന്‍ സമൂഹത്തില്‍ ജാതി ചെലുത്തുന്ന സ്വാധീനത്തെ പൂര്‍ണമായി അംഗീകരിക്കുകയും അതേസമയം സ്വത്വരാഷ്‌ട്രീയത്തെ പൂര്‍ണമായി തള്ളിക്കളയുകയും ചെയ്യുന്ന രേഖ പക്ഷേ ഇന്ത്യന്‍ സാഹചര്യത്തിലേക്ക്‌ എങ്ങനെ പറിച്ചുനടല്‍ സാധ്യമാക്കുമെന്നതില്‍ അവ്യക്‌തത പുലര്‍ത്തുന്നു.

പ്രത്യയശാസ്‌ത്രവിഷയത്തില്‍ സംസാരിച്ച പ്രതിനിധികളാകട്ടെ, ഈ അവ്യക്‌തതയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തു. പോളിറ്റ്‌ ബ്യൂറോ അംഗം രാഘവലു നേരത്തേതന്നെ തന്റെ എതിര്‍പ്പ്‌ പാര്‍ട്ടിയെ അറിയിച്ചിരുന്നു. പാര്‍ട്ടിയെ പൂര്‍ണമായി സ്വദേശിവത്‌കരിക്കണമെന്ന ആവശ്യമാണ്‌ അദ്ദേഹം ഉന്നയിച്ചിരുന്നത്‌. ഇതിനു ചുവടു പിടിച്ചുകൊണ്ടുള്ള വിമര്‍ശനമാണ്‌ ഇന്നലെ ഉയര്‍ന്നതും. ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍, ജാതി, സ്‌ത്രീസമത്വം, ലിംഗനീതി തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിലവിലുള്ള

അവ്യക്‌തത ചൂണ്ടിക്കാട്ടുകയും ചെയ്‌തു. കേരളത്തില്‍നിന്നുള്ള അംഗങ്ങളായ പി. രാജീവ്‌, കെ.എന്‍. ബാലഗോപാല്‍, ടി.എന്‍. സീമ എന്നിവര്‍ ഇക്കാര്യത്തില്‍ വ്യക്‌തത വേണമെന്ന്‌ ആവശ്യപ്പെട്ടു. രാജ്യസഭാംഗമായ സീതാറാം യെച്ചൂരി അവതരിപ്പിച്ച പ്രമേയചര്‍ച്ചയില്‍ കേരളത്തില്‍നിന്നുള്ള മൂന്നു രാജ്യസഭാംഗങ്ങളും പങ്കെടുത്തു.

ചൈനയിലെ ജനകീയ ലൈനിനെ ഒരിക്കലും തള്ളിപ്പറയാത്ത പാര്‍ട്ടി ആദ്യമായി ചൈനയില്‍ അഴിമതിയുണ്ടെന്നും അസമത്വങ്ങളുണ്ടെന്നും പ്രമേയത്തില്‍ പറഞ്ഞിരിക്കുന്നു. അതോടൊപ്പം, സോഷ്യലിസത്തില്‍നിന്നുകൊണ്ട്‌ മുതലാളിത്തനയം നടപ്പാക്കുന്ന ചൈനീസ്‌ സാമ്പത്തികനയത്തെ മാതൃകയാക്കണമെന്ന്‌ ആവശ്യപ്പെടുന്ന ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ ഉള്‍പ്പെടുന്ന വലിയ വിഭാഗത്തെ ലക്ഷ്യമിട്ടുകൂടിയാണ്‌ പ്രതിനിധികളുടെ വിമര്‍ശനം.

ലോകത്തിലെ മറ്റേതു രാജ്യത്തിനും അവകാശപ്പെടാന്‍ കഴിയാത്ത വിധം 10 ശതമാനത്തിലധികം വളര്‍ച്ചാനിരക്ക്‌ തുടര്‍ച്ചയായി നിലനില്‍ക്കുന്ന രാജ്യമാണു ചൈനയെന്ന്‌ പറയുമ്പോള്‍തന്നെ അതുമൂലം ഉണ്ടായിട്ടുള്ള അസമത്വവും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ചൈനീസ്‌ സാമ്പത്തികവളര്‍ച്ചയെക്കുറിച്ച്‌ ഊറ്റംകൊള്ളുന്ന പാര്‍ട്ടിയുടെ നയം പ്രതിനിധികളുടെ വിമര്‍ശനത്തിന്‌ ഇടയാക്കി. മുതലാളിമാരെ പാര്‍ട്ടിയിലെടുക്കാനുള്ള 2002-ലെ തീരുമാനംമൂലം നിരവധി വ്യവസായികളും കോര്‍പറേറ്റുകളും ചൈനീസ്‌ പാര്‍ട്ടിയില്‍ അംഗങ്ങളായെന്നു സ്വയം വിമര്‍ശനപരമായി പ്രമേയത്തില്‍ പറയുന്നു. ചൈനീസ്‌ കമ്യൂണിസ്‌റ്റ് പാര്‍ട്ടി 'സാമ്രാജ്യത്വം' എന്ന സങ്കല്‍പ്പംതന്നെ ഒഴിവാക്കിയത്‌ ഏറെ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു. സാമ്രാജ്യത്വവിരുദ്ധത ഇല്ലാതായതോടെ ചൈനയിലെ യുവതലമുറയുടെ പ്രചോദനം ദേശീയവാദം മാത്രമായി മാറിയിരിക്കുന്നുവെന്നും പ്രമേയം പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്‌ പ്രതിനിധികള്‍ പ്രധാനമായും വിമര്‍ശനമുന്നയിച്ചത്‌. ചൈനീസ്‌ സോഷ്യലിസത്തിനുപകരം ഇന്ത്യന്‍ സാഹചര്യത്തിലുള്ള സോഷ്യലിസത്തെ എന്തുകൊണ്ട്‌ മാതൃകയാക്കുന്നില്ലെന്ന്‌ വിമര്‍ശനമുയര്‍ന്നു. സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തിലാണെങ്കില്‍, ചൈനയില്‍ ഒരു ലക്ഷത്തിലധികം ആളുകളെയാണ്‌ അഴിമതിയുടെ പേരില്‍ ഒരുവര്‍ഷം ശിക്ഷിച്ചത്‌. ഉത്‌പാദനവളര്‍ച്ച കൂടിയെങ്കിലും പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം വര്‍ധിച്ചിട്ടുമുണ്ട്‌. കഴിഞ്ഞ 18 വര്‍ഷത്തിനിടെ, 13 മടങ്ങാണ്‌ പാവപ്പെട്ടവരും പണക്കാരും തമ്മില്‍ ചൈനയില്‍ അന്തരം വര്‍ധിച്ചത്‌. ഇതു സോഷ്യലിസത്തിനു ചേരുന്നതല്ലെന്നും സീതാറാം യെച്ചൂരി വിമര്‍ശിച്ചു. മുതലാളിത്തത്തിനുള്ളില്‍നിന്നു കൊണ്ടുതന്നെ സാമ്രാജ്യത്വത്തിന്‌ എതിരായ ബദലുകള്‍ സൃഷ്‌ടിച്ച ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ മാതൃകയാണ്‌ അഭികാമ്യമെന്ന്‌ പ്രതിനിധികള്‍ പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ എങ്ങനെ ഇന്ത്യന്‍ മാതൃക രൂപപ്പെടുത്താമെന്നതു സംബന്ധിച്ച്‌ പ്രമേയത്തില്‍ അവ്യക്‌തത നിലനില്‍ക്കുന്നുണ്ട്‌.

ജാതിയെ അടിസ്‌ഥാനമാക്കി രാഷ്‌ട്രീയ പാര്‍ട്ടികള്‍ നിലനില്‍ക്കുന്ന ഒരു രാജ്യത്ത്‌ വര്‍ഗരാഷ്‌ട്രീയത്തെ മാത്രം അടിസ്‌ഥാനമാക്കി പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന്റെ പോരായ്‌മയാണ്‌ പ്രതിനിധികള്‍ ഇന്നലെ പ്രധാനമായും ചൂണ്ടിക്കാട്ടിയത്‌. ജാതി-മതശക്‌തികള്‍ സംഘടിക്കുന്നതുവഴി അടിസ്‌ഥാനവര്‍ഗത്തിന്റെ രാഷ്‌ട്രീയസ്വഭാവത്തില്‍ ഇടിവു സംഭവിച്ചിട്ടുണ്ടെന്ന്‌ പ്രമേയം പറയുന്നുണ്ട്‌. അടിച്ചമര്‍ത്തപ്പെടുന്നവരെ ഐക്യപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക്‌ ജാതിയെ അടിസ്‌ഥാനപ്പെടുത്തിയുള്ള സ്വത്വരാഷ്‌ട്രീയം വലിയ വെല്ലുവിളി സൃഷ്‌ടിക്കുന്നു. സാമൂഹികമായ അടിച്ചമര്‍ത്തലും ജാതീയ ഉച്ചനീചത്വവും ഒരേപോലെ എതിര്‍ത്തുകൊണ്ടുമാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ. അതോടൊപ്പം, വര്‍ഗം എന്നത്‌ സ്വത്വരാഷ്‌ട്രീയത്തിലെ മറ്റേത്‌ ഘടകങ്ങളും പോലെ ഒരു ഘടകം മാത്രമായി മാറിയിരിക്കുന്നുവെന്നും പ്രമേയം പറയുന്നു. ഇതിനെല്ലാം പകരം വയ്‌ക്കാന്‍ ഇന്ത്യന്‍ മാതൃക എന്ന ബദല്‍ എങ്ങനെ കണ്ടെത്തുമെന്നതാണ്‌ സി.പി.എം. ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം. എന്‍.ജി.ഒ, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ എന്നിവര്‍ മുഖാന്തരം പടരുന്ന സ്വത്വരാഷ്‌ട്രീയത്തെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ പോഷക സംഘടനകളിലൂടെയും മറ്റും പ്രതിരോധിക്കാന്‍ പാര്‍ട്ടി ശ്രമിക്കണമെന്ന്‌ അഭിപ്രായമുയര്‍ന്നിരുന്നു. ജാതിയെ അംഗീകരിക്കാന്‍ തയാറായെങ്കിലും പാര്‍ട്ടി ഇതിനെ എങ്ങനെ പ്രവൃത്തിപഥത്തില്‍ എത്തിക്കുമെന്നതു സംബന്ധിച്ച്‌ അവ്യക്‌തത നിലനില്‍ക്കുന്നു.

-കെ.എന്‍. അശോക്‌